തളിപ്പറമ്പ : പൊതുപണിമുടക്കിൽ പങ്കെടുക്കാതെ വിദ്യാലയങ്ങളിൽ ഹാജരായ അധ്യാപകരെ കൈയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും വാഹനങ്ങൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത നടപടിയിൽ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു.
പൊതുപണിമുടക്ക് അധ്യാപകർ തള്ളിക്കളയുകയും ജില്ലയിലെ മിക്ക വിദ്യാലയങ്ങളിലും അധ്യാപകർ ഹാജരാക്കുകയും ചെയ്തതിൽ വിറളി പൂണ്ട സമരാനുകൂലികളാണ് ഇത്തരം അക്രമങ്ങൾക്ക് മുതിർന്നത്.


തളിപ്പറമ്പ നോർത്ത് ഉപജില്ലാ സെക്രട്ടറിയായ ഇരിങ്ങൽ യു.പി. സ്കൂളിലെ ടി.ടി. രൂപേഷിനെ ഭരണാനുകൂല അധ്യാപക സംഘടയുടെ ഒത്താശയോടെ ഒരു സംഘം കൈയേറ്റം ചെയ്യുകയും സ്കൂളിലെ പ്രധാനാധ്യാപികയടക്കം ഉള്ള അധ്യാപികമാരെ അസഭ്യം പറയുകയും ചെയ്തു.
ഇരിക്കൂർ ഉപജില്ലയിൽ ശ്രീകണ്ഠാപുരം നെടുങ്ങോം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹാജരായവരുടെ വാഹനങ്ങൾ തകർക്കാൻ ശ്രമിക്കുകയും ചെയ്തു.
അക്രമം നടത്തിയ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.പി.എസ്.ടി.എ. തളിപ്പറമ്പ
വിദ്യാഭ്യാസ ജില്ല പ്രസിഡൻ്റ് സ്റ്റിബി.കെ. സൈമൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ എം.വി സുനിൽ കുമാർ,ഇ.കെ ജയപ്രസാദ്, സംസ്ഥാന കമ്മിറ്റിയംഗം പി.വി. സജീവൻ, കെ.എം ബിന്ദു,സംസ്ഥാന കൗൺസിലർമാരായ വി.ബി. കുബേരൻ നമ്പൂതിരി, രമേശൻ കാന, എസ്.പി.സജിൻ, എ.കെ.അരവിന്ദ് സജി, കെ.പി. സുനിൽകുമാർ, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ടി.അംബരീഷ്, ഖജാൻജി കെ.പി. വിജേഷ് എന്നിവർ സംസാരിച്ചു.
KPSTA