ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ പൊതു സ്ഥലത്ത് തള്ളിയതിന് 3 പേർക്ക് 8000 രൂപ പിഴ ചുമത്തി. താഴെ ചൊറുക്കള, പട്ടപ്പാറ എന്നീ പ്രദേശങ്ങളിൽ പൊതു റോഡിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞത് കണ്ടെത്തിയതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് നിയമനടപടികൾ സ്‌ക്വാഡ് സ്വീകരിച്ചത്. ചൊറുക്കള - മുയ്യം റോഡിൽ താഴെ ചൊറുക്കളയിൽ എ. കെ അപ്പാരെൽസിന്റെ സമീപത്തായി പൊതു റോഡിൽ വലിയ തോതിലാണ് മാലിന്യങ്ങൾ തള്ളിയിരിക്കുന്നത് സ്‌ക്വാഡിന്റെ ശ്രദ്ധയിൽ പെട്ടത്. തുടർന്നു പ്രദേശത്ത് നടത്തിയ പരിശോധനയിൽ സംഭവ സ്ഥലത്ത് മാലിന്യങ്ങൾ തള്ളിയ രണ്ട് വ്യക്തികളെ കണ്ടെത്തുകയും സ്‌ക്വാഡ് ഇവരെ സ്ഥലത്ത് വിളിച്ചു വരുത്തി തെളിവെടുപ്പ് നടത്തി.വീട്ടിലെത്തിയ ആക്രിക്കാർക്ക് കൊടുത്ത് ഒഴിവാക്കിയ മാലിന്യങ്ങളാണ് പ്രദേശത്ത് തള്ളിയതായി കണ്ടെത്തിയത് എന്ന് മാലിന്യത്തിന്റെ ഉടമകൾ സ്‌ക്വാഡിനെ അറിയിച്ചു.ഇവരെ കൊണ്ട് മാലിന്യങ്ങൾ പ്രദേശത്ത് നിന്ന് എടുത്തുമാറ്റിച്ചു. സ്‌ക്വാഡ് പട്ടപ്പാറ പ്രദേശത്ത് ഭാരതിയ വിദ്യ ഭവൻ റോഡിൽ മാലിന്യങ്ങൾ തള്ളിയത് കണ്ടെത്തിയതിനെ തുടർന്നു നടത്തിയ പരിശോധനയിൽ പ്രദേശത്ത് മാലിന്യങ്ങൾ തള്ളിയ അതിഥി തൊഴിലാളിയെ കണ്ടെത്തുകയും കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 3 പേർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചു മാലിന്യങ്ങൾ സംഭവ സ്ഥലത്തു നിന്ന് എടുത്തുമാറ്റിച്ചു. പൊതു സ്ഥലത്ത് മാലിന്യങ്ങൾ തള്ളുന്നവർക്ക് എതിരെ ശക്തമായ നടപടികൾ തുടർന്നും സ്വീകരിച്ചു വരുമെന്ന് സ്‌ക്വാഡ് അറിയിച്ചു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ രമ്യ ടി തുടങ്ങിയവർ പങ്കെടുത്തു
Unscientific waste disposal