തളിപ്പറമ്പ : ടി ടി കെ ദേവസ്വം ക്ലാർക്ക് മുല്ലപ്പള്ളി നാരായണനെ സർവ്വീസിൽ നിന്നും സസ്പെൻറ് ചെയ്ത ദേവസ്വം ഭരണസമിതിയുടെ നടപടി ഉപരോധത്തിലൂടെ പിൻവലിപ്പിച്ച സി പി എം നടപടി കാടത്തമാണെന്ന് ശ്രീകൃഷ്ണ സേവാസമിതി പ്രസിഡണ്ട് എ പി ഗംഗാധരൻ ആരോപിച്ചു.
ദേവസ്വം ക്ലാർക്കായ മുല്ലപ്പള്ളി നാരായണന് എക്സിക്യൂട്ടീവ് ഓഫീസറുടെ താൽക്കാലിക ചുമതല നൽകിയ കാലയളവിൽ നടത്തിയ സാമ്പത്തികക്രമക്കേടുകളുടെ പേരിലാണ് നിലവിലുള്ള മാനേജിങ്ങ് കമ്മറ്റി സസ്പെൻഷൻ നടപടി സ്വീകരിച്ചിട്ടുള്ളത് .


ദേവസ്വം ബോഡിനെയും നവീകരണ സമിതിയെയും തെറ്റിദ്ധരിപ്പിച്ച് ക്രമവിരുദ്ധസാമ്പത്തിക ഇടപാട് നടത്തൽ, വ്യാജരേഖ ചമക്കൽ, എക്സിക്യൂട്ടീവ് ഓഫീസറുടെ താൽക്കാലിക ചുമതല വഹിച്ച കാലയളവിൽ ക്ഷേത്രഫണ്ടിൽ നിന്നും നിയമവിരുദ്ധമായി കൈക്കലാക്കിയ ലക്ഷക്കണക്കിന് രൂപ ദേവസ്വം ഫണ്ടിലേക്ക് തിരിച്ചടക്കണമെന്ന് കേരള ഓഡിറ്റ് വകുപ്പ് പലതവന്ന റിപ്പോർട്ടിലൂടെ ആവശ്യപ്പെട്ടിട്ടും തിരിച്ചടക്കാതിരിക്കുക തുടങ്ങി നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നാരായണനെ സർവ്വീസിൽ നിന്നും സസ്പെൻ്റ് ചെയ്തിരുന്നത് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
എന്നാൽ കഴിഞ്ഞ ദിവസം മൂന്ന് സജീവ സിപിഎം പ്രവർത്തകരെ ഹൈക്കോടതി മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായി വീണ്ടും പാരമ്പര്യേതര ട്രസ്റ്റിമാരായി കമ്മീഷണർ നിയമിച്ചതിനെ തുടർന്നാണ് ടി ടി കെ ദേവസ്വത്തെ സി പി എം വീണ്ടും രാഷ്ട്രീയ സംഘർഷത്തിൻ്റെ വേദിയാക്കി മാറ്റിയിട്ടുള്ളത്.
ടി ടി കെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന കാലയളവിൽ ദേവസ്വം ക്ലാർക്കായ മുല്ലപ്പള്ളി നാരായണൻ വ്യാജരേഖ ചമച്ചതായുള്ള പരാതികളിൽ നിലവിൽ പോലീസ് അന്വേഷണവും ദേവസ്വം ബോഡ് അന്വേഷണവും നടന്നു വരുന്നതിനിടയിലാണ് ആഭ്യന്തര അന്വേഷണത്തിൻ്റെ ഭാഗമായുള്ള സസ്പെൻഷൻ നടപടി ഉണ്ടായത്. എന്നാൽ ടി ടി കെ ദേവസ്വം പ്രസിഡണ്ട് അടക്കമുള്ള മാനേജിങ്ങ് കമ്മറ്റി അംഗങ്ങളെയും എക്സിക്യൂട്ടീവ് ഓഫീസറെയും ഭരണാധികാരം ഉപയോഗിച്ച് സമ്മർദ്ധത്തിലാക്കി ഉപരോധം ഏർപ്പെടുത്തി ടി ടി കെ ദേവസ്വത്തിൽ സി പി എം രാഷ്ട്രീയ തേർവാഴ്ച നടപ്പാക്കി കുറ്റക്കാരെ സംരക്ഷിക്കുന്നതിന് പരസ്യമായി രംഗത്തിറങ്ങുന്ന ലജ്ജാകരമായ അവസ്ഥയാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്.
ദേവസ്വം ഫണ്ടിൽ നിന്നും മുല്ലപ്പള്ളി നാരായണനും കൂട്ടരും നിയമവിരുദ്ധമായി കൈക്കലാക്കിയ 25 ലക്ഷത്തോളം രൂപ ദേവസ്വം ഫണ്ടിലേക്ക് തിരിച്ചടപ്പിക്കുന്നതിനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ഹൈക്കോടതിയെ സമീപിക്കുമെന്ന് എ പി ഗംഗാധരൻ പറഞ്ഞു.
AP Gangadharan